റാപ്പിഡോ യാത്രയ്ക്കിടെ യാത്രക്കാരൻ്റെ വിലകൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷം തിരികെ നൽകാൻ ₹18,000 ആവശ്യപ്പെട്ടതായി പരാതി. സംഭവത്തിൽ മഡിവാള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബി.ടി.എം. ലേഔട്ട് ഒന്നാം സ്റ്റേജിലെ പേയിങ് ഗസ്റ്റ് താമസക്കാരനായ 25കാരൻ ത്രിദീപ് ദേബ്നാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബർ ആറിന് പുലർച്ചെ 5.54ഓടെ നാരായണപ്പ ഗാർഡൻ നാലാം ക്രോസിൽ നിന്ന് മാറത്തഹള്ളിയിലേക്ക് പോകുന്നതിനായി ത്രിദീപ് റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്തു.

ബുക്ക് ചെയ്ത വാഹനത്തിന് പകരം വെള്ള നിറത്തിലുള്ള സ്കൂട്ടറുമായാണ് റാപ്പിഡോ റൈഡർ അശുതോഷ് കുമാർ എത്തിയതെന്ന് പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ ഡ്രൈവറുടെ അനുമതിയോടെ ഏകദേശം ₹50,000 വിലവരുന്ന സാംസങ് ഗാലക്‌സി എസ്24 അൾട്രാ ഫോൺ സ്കൂട്ടറിൽ ചാർജ് ചെയ്യാനായി വച്ചു.

മഡിയവാളയിലെ ഒരു പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ ടയറിലെ വായുമർദം പരിശോധിക്കുന്നതിനായി ഡ്രൈവർ വാഹനം നിർത്തി. ത്രിദീപ് സ്കൂട്ടറിൽ നിന്ന് ഇറങ്ങി പിൻവശത്തെ ടയർ പരിശോധിക്കുന്നതിനിടെ ഡ്രൈവർ ഫോൺ സഹിതം സ്കൂട്ടറിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് പരാതി.

തുടർന്ന് മോഷ്ടിച്ച ഫോണിൽ നിന്ന് തന്നെ ത്രിദീപിൻ്റെ സഹോദരിക്ക് വാട്‌സ്ആപ്പ് വഴി സന്ദേശമയച്ച് ₹18,000 നൽകിയാൽ ഫോൺ തിരികെ നൽകാമെന്ന് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ ഫോൺ നശിപ്പിക്കുകയോ കർണാടകയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി വിൽക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പണം കൈമാറുന്നതിനായി പ്രതി യുപിഐ പേയ്‌മെന്റ് സ്കാനറും അയച്ചതായി പരാതിയിലുണ്ട്.

ത്രിദീപിൻ്റെ പരാതിയിൽ ഭാരതീയ ന്യായസംഹിതയിലെ 303-ാം വകുപ്പ് (മോഷണം), 351-ാം വകുപ്പ് എന്നിവ പ്രകാരമാണ് മഡിയവാള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ കണ്ടെത്തുന്നതിനും ഫോൺ വീണ്ടെടുക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts