അച്ഛൻ്റെ ചെസ് നീക്കങ്ങൾ കണ്ടും പഠിച്ചുമാണ് ആറുവയസുകാരൻ മിസ്‌അബ് ബിൻ ഉബൈസ് ചെസിൻ്റെ ലോകത്തേക്ക് എത്തിയത്. കഴിഞ്ഞമാസം ജർമ്മനിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-8 വിഭാഗത്തിൽ റണ്ണറപ്പ് നേടിയതോടെ മിസ്‌അബ് ശ്രദ്ധേയനായി. ജർമ്മനി, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 120 കുട്ടികൾ മത്സരിച്ച വിഭാഗത്തിലാണ് മിസ്‌അബ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഒരു വർഷം മുമ്പാണ് താരം ചെസ് മത്സരരംഗത്തേക്ക് എത്തുന്നത്. ചെറുപ്പം മുതൽ ചെസിൽ താൽപര്യമുണ്ടായിരുന്ന പിതാവ് ഉബൈസാണ് മകന് പരിശീലനം നൽകിയത്.
സ്‌കൂൾതലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഇതിനകം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും മിസ്‌അബിൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ജർമ്മനിയിലെ ചാമ്പ്യൻഷിപ്പ്. ഈ വർഷം ജൂലൈയിൽ ഒരുമാസത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴും മത്സരവേദിയിൽ മികവ് തെളിയിച്ചു. എറണാകുളം ചെസ് അസോസിയേഷൻ സംഘടിപ്പിച്ച അണ്ടർ-7 റാപ്പിഡ് ടൂർണമെന്റിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയിരുന്നു.
നാലുവയസുവരെ നാട്ടിലായിരുന്ന മിസ്‌അബ് കിൻഡർഗാർട്ടനിൽ പഠിക്കുമ്പോൾ തന്നെ എൽ.പി വിഭാഗത്തിലെ ചെസ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മകൻ്റെ കഴിവ് തിരിച്ചറിഞ്ഞ പിതാവ് ഉബൈസ് കൂടുതൽ പരിശീലനം നൽകുകയായിരുന്നു.
ഇടുക്കി ക്രൈംബ്രാഞ്ചിൽ 2017 ബാച്ച് ഉദ്യോഗസ്ഥനായ ഉബൈസ് എൻജിനിയറിങ് ബിരുദധാരിയാണ്. 2023ൽ സർവീസിൽ നിന്ന് അഞ്ച് വർഷത്തെ അവധിയെടുത്ത് ഉപരിപഠനത്തിനായി ജർമ്മനിയിലെ ആർ.ഡബ്ല്യു.ടി.എച്ച് ആച്ചൻ സർവകലാശാലയിലെത്തിയതാണ് ഉബൈസ്. മിസ്‌അബിൻ്റെ മാതാവ് ഫൗസിയ ലോജിസ്റ്റിക് മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ജർമ്മനിയിലെ ആഹെനിലുള്ള അന്നാഷുലെ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മിസ്‌അബ്. ചെസ് ബോർഡിൽ അച്ഛനിൽ നിന്ന് കണ്ടുപഠിച്ച നീക്കങ്ങളുമായി അന്താരാഷ്ട്ര വേദിയിൽ തന്നെ തൻ്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.