ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സർക്കാർ സ്കൂളുകളുടെ പ്രവർത്തനസമയം മാറ്റുന്നത് പരിഗണനയിൽ. അധ്യാപകരുടെ ആവശ്യം പരിഗണിച്ച് വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരത മന്ത്രി മധു ബംഗാരപ്പ അറിയിച്ചു.

നിലവിൽ ബെംഗളൂരുവിലെ സർക്കാർ സ്കൂളുകൾ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവർത്തിക്കുന്നത്. അതേസമയം, സ്വകാര്യ സ്കൂളുകൾ സാധാരണയായി രാവിലെ 8.45 മുതൽ വൈകിട്ട് 3.45 വരെ പ്രവർത്തിക്കുന്നുണ്ട്.

10.30ന് സ്കൂളിലെത്താൻ പല അധ്യാപകർക്കും ഒന്നര മണിക്കൂറോളം നേരത്തെ വീട്ടിൽനിന്ന് പുറപ്പെടേണ്ടിവരുന്നു. എന്നിട്ടും ഗതാഗതക്കുരുക്കിൽ ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുന്നുണ്ടെന്നാണ് അധ്യാപകരുടെ പരാതി.

നിലവിലെ സമയക്രമം പഠനത്തെയും ബാധിക്കുന്നതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾക്ക് പാൽ, മുട്ട, ഉച്ചഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതിന് തന്നെ ഒരു മണിക്കൂറോളം സമയമെടുക്കുന്നതിനാൽ ക്ലാസുകൾക്ക് ലഭിക്കുന്ന സമയം കുറയുന്നതായും അവർ പറയുന്നു.

രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയക്രമമാണ് ബെംഗളൂരുവിൽ അനുയോജ്യമെന്നാണ് അധ്യാപകരുടെ നിർദേശം. ഇതിലൂടെ വിദ്യാർഥികൾക്ക് വൈകുന്നേരത്തെ തിരക്കേറിയ ഗതാഗതം ആരംഭിക്കുന്നതിന് മുമ്പ് വീടുകളിലെത്താനാകുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെയും സംസ്ഥാനത്തെ മികച്ച അധ്യാപക പുരസ്കാരത്തിന് പരിഗണിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നതായി മന്ത്രി മധു ബംഗാരപ്പ അറിയിച്ചു. സ്വകാര്യ സ്കൂൾ അധ്യാപകരെയും പുരസ്കാരത്തിന് പരിഗണിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തലത്തിൽ ചർച്ച നടക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Posts