റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ബെംഗളൂരുവിലെ അഞ്ച് പ്രധാന ഫ്ലൈഓവറുകളിലും എലിവേറ്റഡ് കോറിഡോറുകളിലും പ്രത്യേക വിഭാഗം വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പൊലീസ്. സെപ്റ്റംബർ 4 മുതൽ സിർസി സർക്കിൾ, പീന്യ, സിൽക്ക് ബോർഡ്–രാഗിഗുഡ്ഡ ഡബിൾ ഡെക്കർ, എയർപോർട്ട് റോഡ് ഫ്ലൈഓവർ എന്നിവിടങ്ങളിൽ നിയന്ത്രണം നിലവിൽ വരും. ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് എക്സ്പ്രസ് വേയിലെ നിയന്ത്രണം സെപ്റ്റംബർ 11 മുതൽ പ്രാബല്യത്തിൽ വരും.
ഫ്ലൈഓവറുകളിലെ വാഹനങ്ങളുടെ വേഗതയിലുണ്ടാകുന്ന വ്യത്യാസം മൂലമുള്ള അപകടങ്ങൾ സംബന്ധിച്ച് നടത്തിയ വിശദമായ അവലോകനത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. റോഡിൻ്റെ രൂപകൽപ്പനയും വീതിയും, അപകടങ്ങളുടെ തീവ്രത, വാഹനങ്ങൾ കേടായി റോഡിൽ കുടുങ്ങുന്ന സാഹചര്യം, പ്രവേശന–പുറത്തിറങ്ങൽ ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക്, അടിയന്തര സാഹചര്യങ്ങളിലെ ഗതാഗത നിയന്ത്രണം എന്നിവയും പൊലീസ് പരിഗണിച്ചു.
കാൽനടയാത്രക്കാരുടെയും ഇരുചക്ര വാഹന യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതും നിയന്ത്രണങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി.
നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രധാന റോഡുകൾ:
BGS (സിർസി സർക്കിൾ) ഫ്ലൈഓവർ – മൈസൂരു റോഡ്
പീന്യ ഫ്ലൈഓവർ
ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് എക്സ്പ്രസ് വേ
സിൽക്ക് ബോർഡ്–രാഗിഗുഡ്ഡ മെട്രോ ഡബിൾ ഡെക്കർ ഫ്ലൈഓവർ
ബല്ലാരി റോഡ് എലിവേറ്റഡ് കോറിഡോർ – സഞ്ജീവനഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെ
സിർസി സർക്കിൾ ഫ്ലൈഓവർ
ഇവിടെ ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് 24 മണിക്കൂറും വിലക്കുണ്ടാകും. മറ്റ് ചരക്ക് വാഹനങ്ങൾ, മൂന്ന് ചക്ര ചരക്ക് ഓട്ടോറിക്ഷകൾ ഉൾപ്പെടെ, രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും നിരോധിക്കും.
പീനിയ ഫ്ലൈഓവർ
പാസഞ്ചർ ഓട്ടോറിക്ഷകൾക്കും മൂന്ന് ചക്ര ചരക്ക് ഓട്ടോറിക്ഷകൾക്കും 24 മണിക്കൂറും പ്രവേശന വിലക്കുണ്ടാകും. ഹെവി, മീഡിയം ഗുഡ്സ് വാഹനങ്ങൾക്ക് രാവിലെ, വൈകിട്ട് തിരക്കേറിയ സമയങ്ങളിൽ നിയന്ത്രണമുണ്ടാകും.
ഇലക്ട്രോണിക്സ് സിറ്റി എലിവേറ്റഡ് എക്സ്പ്രസ് വേ
ഇവിടെ ഹെവി, മീഡിയം, ലൈറ്റ് വിഭാഗങ്ങളിലുള്ള എല്ലാ ചരക്ക് വാഹനങ്ങൾക്കും രാവിലെ 6 മുതൽ രാത്രി 10 വരെ വിലക്കുണ്ടാകും. കൂടാതെ ഇരുചക്ര വാഹനങ്ങൾ, പാസഞ്ചർ ഓട്ടോറിക്ഷകൾ, മൂന്ന് ചക്ര ചരക്ക് ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് 24 മണിക്കൂറും നിയന്ത്രണമുണ്ടാകും.
സിൽക്ക് ബോർഡ്–രാഗിഗുഡ്ഡ ഡബിൾ ഡെക്കർ
ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ ഹെവി ഗുഡ്സ് വാഹനങ്ങൾക്ക് 24 മണിക്കൂറും വിലക്കേർപ്പെടുത്തും.
എയർപോർട്ട് റോഡ് ഫ്ലൈഓവർ
സഞ്ജീവനഗർ ക്രോസ് മുതൽ വിദ്യാശിൽപ് ജംഗ്ഷൻ വരെയുള്ള എലിവേറ്റഡ് കോറിഡോറിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 24 മണിക്കൂറും വിലക്കുണ്ടാകും. കൂടാതെ എല്ലാ വിഭാഗം ചരക്ക് വാഹനങ്ങൾക്കും രാവിലെ 6 മുതൽ രാത്രി 10 വരെ നിയന്ത്രണമുണ്ടാകും.