ടണൽ റോഡ് പദ്ധതിക്കും പാർക്ക് ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന പുതിയ ഭേദഗതിക്കുമെതിരെ ബെംഗളൂരുവിലെ ലാൽബാഗിൽ വൻ പ്രതിഷേധം. ഞായറാഴ്ച നടന്ന മാർച്ചിൽ മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പരിസ്ഥിതി പ്രവർത്തകൻ എ.എൻ. യെല്ലപ്പ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബെംഗളൂരുവിലെ നാല് എംപിമാരും ജയനഗർ എംഎൽഎ സി.കെ. രാമമൂർത്തിയും സിനിമാ താരങ്ങളായ സുധാ ബെലവാടി, സംയുക്ത ഹൊർണാഡ്, പ്രണിത സുഭാഷ് എന്നിവരും മാർച്ചിൽ പങ്കെടുത്തു. വിവിധ കന്നഡ സംഘടനകൾ, റെസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരും പ്രതിഷേധത്തിൻ്റെ ഭാഗമായി.
കർണാടക പാർക്ക് സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതിയാണ് പ്രതിഷേധത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. പാർക്ക് ഭൂമിയുടെ അഞ്ച് ശതമാനം വരെ അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് ഭേദഗതി. ഇത് ബെംഗളൂരുവിലെ പാർക്കുകളുടെയും ഹരിതമേഖലകളുടെയും സംരക്ഷണത്തിന് ഭീഷണിയാകുമെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ബെംഗളൂരുവിന് കൂടുതൽ ‘ലംഗ് സ്പേസ്’ ആവശ്യമാണെന്നും നിലവിലുള്ള പാർക്കുകളും തടാകങ്ങളും വികസന പദ്ധതികളുടെ പേരിൽ നഷ്ടപ്പെടുത്തരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നഗരത്തിൽ ഏകദേശം 30,000 ഏക്കർ പാർക്ക് ഭൂമി ആവശ്യമുണ്ടെങ്കിലും നിലവിൽ ഏകദേശം 3,000 ഏക്കർ മാത്രമാണുള്ളതെന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയും പ്രതിഷേധത്തിൽ പങ്കെടുത്തു. പാർക്ക് ഭൂമിയുടെ അഞ്ച് ശതമാനം വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന ഭേദഗതി പിൻവലിക്കണമെന്നും നിർദിഷ്ട ടണൽ റോഡ് പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലാൽബാഗ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 5,000–6,000 പേർ പ്രതിഷേധത്തിൽ എത്തിയെന്നാണ് സൂര്യയുടെ അവകാശവാദം.
പ്രതിഷേധക്കാർ ലാൽബാഗിൻ്റെ വെസ്റ്റ് ഗേറ്റിൽ നിന്ന് റോക്ക് വരെ മാർച്ച് നടത്തി. മുദ്രാവാക്യങ്ങൾ ഉയർത്തിയും ഒപ്പുശേഖരണം നടത്തിയും പ്രതിഷേധം ശക്തമാക്കി. കന്നഡ സിനിമയിലെ ഗാനങ്ങളും ദേശഭക്തിഗാനങ്ങളും ആലപിച്ചായിരുന്നു പരിപാടി.
ടണൽ റോഡ് പദ്ധതിക്കായി ലാൽബാഗ്, ഹെബ്ബാൾ തടാകം തുടങ്ങിയ നഗരത്തിലെ പ്രധാന ഹരിതമേഖലകളിൽ ഇടപെടലുണ്ടാകുമെന്ന ആശങ്കയാണ് പ്രതിഷേധത്തിന് പിന്നിൽ. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതിയെന്ന നിലയിലാണ് സർക്കാർ ടണൽ റോഡിനെ മുന്നോട്ട് കൊണ്ടുപോകുന്നത്.