പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ കൊടുംകുറ്റവാളികളായ തടവുകാർക്ക് വിഐപി പരിഗണന ലഭിക്കുന്നെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ജയിലധികൃതർക്കെതിരേ നടപടി. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തെത്തുടർന്നാണ് അധികൃതർക്കെതിരേ നടപടിയെടുത്തത്. ചീഫ് ജയിൽ സൂപ്രണ്ടായ കെ.സുരേഷിനെ സ്ഥലം മാറ്റിയപ്പോൾ സൂപ്രണ്ട് ഇമാം സാബ് മയാഗേരിയെയും അസി. സൂപ്രണ്ട് അശോക് ബജാന്ദ്രിയെയും സസ്പെൻഡ് ചെയ്തു.
ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും അതിനാലാണ് നടപടിയെന്നും പരമേശ്വര വിവരിച്ചു. ജയിലുകളിൽ ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും ആലോചന നടത്തിയെന്ന് മന്ത്രി പരമേശ്വര അറിയിച്ചു. ജയിലിലെ സെല്ലിൽ കുറ്റവാളികൾ മൊബൈൽ ഉപയോഗിക്കുന്നതിൻ്റെയും പാചകം ചെയ്യുന്നതിൻ്റെയും ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നു.