ഇന്ന് മാർച്ച് 8 ലോകമെമ്പാടുമുള്ള വനിതകൾ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു. ആഗോളതലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യം മുൻനിർത്തി സമൂഹത്തിൽ തുല്യത, നീതി എന്നിവ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശാസ്ത്ര സാങ്കേതിക ബിസിനസ് മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെ അംഗീകരിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായാണ് എല്ലാ വർഷവും മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത്.

സുസ്ഥിര മാറ്റത്തിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശക്തികളാകാൻ യുവതികളേയും പെൺകുട്ടികളേയും ബോധവത്കരിക്കുക, എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്‌കാരം സ്യഷ്ടിക്കുക എന്നതാണ് വനിതാദിനത്തിൻ്റെ ലക്ഷ്യങ്ങൾ. ഇതിനായി എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിൻ്റെ സന്ദേശം. സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു സംസ്ഥാന സർക്കാരിൻ്റെ വനിതാരത്ന പുരസ്‌കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇന്നലെ പ്രഖ്യാപിച്ചു.

സാമൂഹ്യ സേവന വിഭാഗത്തിൽ കോഴിക്കോട് കല്ലായി സുജാലയം ടി ദേവി, കായിക രംഗത്ത് ആലപ്പുഴ ചേർത്തല വാരനാട് തെക്കേവെളിയിൽ കെ വാസന്തി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തിൽ വയനാട് മുട്ടിൽ നോർത്ത് തേനാട്ടി കല്ലിങ്ങൽ ഷെറിൻ ഷഹാന, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിൽ വയനാട് മാടക്കര കേദാരം വിനയ എഎൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി തിരുവനന്തപുരം ജഗതി സിഎസ് റോഡ്, സീമെക്സ് സെൻ്റർ ഡോ. നന്ദിനി കെ കുമാർ, കലാ രംഗത്ത് ആലപ്പുഴ മണ്ണാച്ചേരി മടത്തിക്കാട് പികെ മേദിനി എന്നിവരെ തെരഞ്ഞെടുത്തു.

Related Posts