ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാമെന്ന് ഇറാൻ പാർലമെന്റിൻ്റെ ദേശീയ സുരക്ഷാ-വിദേശകാര്യ സമിതി ഉപാധ്യക്ഷൻ അമീർ ഹയാത്ത് മൊഖദ്ദം അറിയിച്ചു.

ഇറാനിലേക്ക് ഇന്ത്യയിൽനിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതിനാണ് ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയാണ് ചൈനീസ് കപ്പലുകൾക്ക് ഇളവ് നൽകിയതിന് പിന്നിലെ ലക്ഷ്യം. എന്നാൽ ഇന്ത്യയുടെയും ചൈനയുടെയും കപ്പലുകൾ കടന്നുപോകുന്നതിന് ട്രാൻസിറ്റ് ഫീസ് ഈടാക്കും. ഖത്തർ കപ്പലുകൾക്ക് ഈ ഫീസും നൽകേണ്ടതില്ല.

ലോകത്തെ പ്രധാന എണ്ണ-വാതക ഗതാഗത പാതകളിലൊന്നാണ് ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 30 ശതമാനവും ഈ പാതയിലൂടെയാണ് എത്തുന്നത്. എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിനെ ആശ്രയിക്കുന്നു. അതിനാൽ ഇറാന്റെ തീരുമാനം ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കും വ്യാപാരത്തിനും ഏറെ പ്രാധാന്യമുള്ളതാണ്.

Related Posts