വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ 15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മരിച്ചവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി നടത്തിയിരുന്ന ബോട്ട് മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യാത്ര ആരംഭിച്ച് ഏകദേശം 400 മീറ്റർ പിന്നിട്ടപ്പോൾ ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് ശക്തമായ തിരമാലകളിലും കാറ്റിലുംപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടസമയത്ത് ബോട്ടിൽ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ വിനോദസഞ്ചാരികളാണെന്നാണ് റിപ്പോർട്ട്. ശക്തമായ കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് വിയറ്റ്നാം ഭരണകൂടം സൈന്യം, പൊലീസ്, ദുരന്തനിവാരണ സേന, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
സംഭവത്തെ തുടർന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസിയും ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ദുരന്തബാധിതരുടെ ബന്ധുക്കൾക്ക് സഹായം നൽകുന്നതിനായി പ്രത്യേക ഹെൽപ്ലൈൻ സംവിധാനങ്ങളും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അപകടത്തിൻ്റെ യഥാർഥ കാരണവും ആകെ ജീവഹാനിയും സംബന്ധിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.