ബെംഗളൂരുവിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ തകർത്തതായി സിറ്റി പൊലീസ്. വിവിധ ഓപ്പറേഷനുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ അഞ്ച് പേർ വിദേശ പൗരന്മാരാണെന്ന് പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് 60.86 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ, കൊക്കെയ്ൻ, എക്സ്റ്റസി ഗുളികകൾ എന്നിവ പിടിച്ചെടുത്തു.

ഹെബ്ബാൽ പൊലീസ്, സിസിബി ആന്റി-നാർക്കോട്ടിക്സ് വിഭാഗം, ഗിരിനഗർ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട നടത്തിയത്. മൂന്ന് വ്യത്യസ്ത എൻഡിപിഎസ് കേസുകളിലായാണ് പ്രതികളെ പിടികൂടിയത്.

ആദ്യ കേസിൽ ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു നൈജീരിയൻ പൗരൻ, മണിപ്പൂരി സ്വദേശിനി, രണ്ട് ബെംഗളൂരു സ്വദേശികൾ എന്നിവരിൽ നിന്ന് 17.282 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിന് ഏകദേശം 34.56 കോടി രൂപ വിപണിവിലയുണ്ട്.

രണ്ടാമത്തെ ഓപ്പറേഷനിൽ രണ്ട് നൈജീരിയക്കാരും ഒരു ദക്ഷിണാഫ്രിക്കക്കാരനും ഉൾപ്പെടെ മൂന്ന് വിദേശ പൗരന്മാർ അറസ്റ്റിലായി. ഇവരിൽ നിന്ന് 6.718 കിലോഗ്രാം എംഡിഎംഎയും 20 ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തു. ഇതിന്റെ വിപണിവില 14.30 കോടി രൂപയാണെന്ന് പൊലീസ് അറിയിച്ചു.

മൂന്നാമത്തെ കേസിൽ ഗിരിനഗർ പൊലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിൽ ഒരു നൈജീരിയൻ പൗരൻ കൂടി പിടിയിലായി. ഇയാളിൽ നിന്ന് 5 കിലോഗ്രാം എംഡിഎംഎയും 1,000 എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തു. ഇവയുടെ മൂല്യം ഏകദേശം 12 കോടി രൂപയാണ്.

ഡൽഹി കേന്ദ്രീകരിച്ചുള്ള വിതരണ ശൃംഖലയിൽ നിന്നാണ് മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ച് പ്രാദേശിക കച്ചവടക്കാർക്ക് വിതരണം ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

2026ൽ ഇതുവരെ ബെംഗളൂരുവിൽ 2,936 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തതായും, 37 വിദേശ പൗരന്മാർ ഉൾപ്പെടെ 3,840 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. ഈ വർഷം മാത്രം 221.27 കോടി രൂപ വിലമതിക്കുന്ന 1,415 കിലോഗ്രാമിലധികം മയക്കുമരുന്നാണ് നഗരത്തിൽ നിന്ന് പിടിച്ചെടുത്തത്.

Related Posts