ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമൊരുക്കാൻ ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ഐആർസിടിസി (IRCTC) സമഗ്ര നവീകരണത്തിന് ഒരുങ്ങുന്നു. കൂടുതൽ വേഗത്തിലും ലളിതമായും തടസ്സങ്ങളില്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന പുതിയ സംവിധാനമാണ് അവതരിപ്പിക്കുന്നത്.

പതിയെ ലോഡാകുന്ന പേജുകൾ, അനാവശ്യ പോപ്പ്-അപ്പുകൾ, ആവർത്തിക്കുന്ന ക്യാപ്‌ച പരിശോധന, നിരവധി സ്ക്രീനുകൾ എന്നിവ ഒഴിവാക്കി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതുപോലെ എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ വെബ്സൈറ്റ് രൂപകൽപ്പന ചെയ്യുന്നത്.

ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റവുമായി (PRS) വെബ്സൈറ്റ് നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ, പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് ബുക്കിങ് സമയത്തെ തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

പുതിയ സംവിധാനത്തിൽ സ്ലീപ്പർ, എസി 3 ടയർ, എസി 2 ടയർ തുടങ്ങിയ എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരേ സ്ക്രീനിൽ കാണാൻ കഴിയും. ഇതോടെ യാത്രക്കാർക്ക് ലഭ്യമായ ഓപ്ഷനുകൾ വേഗത്തിൽ താരതമ്യം ചെയ്ത് തിരഞ്ഞെടുക്കാനാകും. കൂടാതെ ബുക്കിങ് പൂർത്തിയാക്കാൻ വേണ്ട ക്ലിക്കുകളുടെ എണ്ണവും ഗണ്യമായി കുറയ്ക്കും. സ്ഥിരം യാത്രക്കാർക്ക് യാത്രാവിവരങ്ങൾ സേവ് ചെയ്ത് വീണ്ടും നൽകേണ്ടതില്ലാത്ത സൗകര്യവും ഒരുക്കും.

പുതിയ വെബ്സൈറ്റിൻ്റെ ബീറ്റാ പതിപ്പ് നിലവിൽ ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MNIT) വിദ്യാർഥികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട്. ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷമാകും പൊതുജനങ്ങൾക്ക് ബീറ്റാ പതിപ്പ് ലഭ്യമാക്കുക. പരിഷ്‌കരിച്ച ഐആർസിടിസി പ്ലാറ്റ്ഫോമിൻ്റെ പൂർണരൂപം വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

Related Posts