അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട ഫലസൂചനകളിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ മുന്നേറ്റം തുടരുകയാണ്. 50 സംസ്ഥാനങ്ങളിലായി വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ പുറത്തുവന്ന ആദ്യ കണക്കുകളിലാണ് ഡെമോക്രാറ്റുകളുടെ മുൻതൂക്കം വ്യക്തമാകുന്നത്.

അമേരിക്കൻ പാർലമെന്റിൻ്റെ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തുക എന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് നിർണായകമാണ്. എന്നാൽ പുറത്തുവന്ന ആദ്യ അഞ്ച് സീറ്റുകളുടെ ഫലങ്ങളിൽ മൂന്നിടത്ത് ഡെമോക്രാറ്റുകൾ വിജയിച്ചു. രണ്ടിടത്ത് അവർ ലീഡ് ചെയ്യുകയും ചെയ്തു.

സെനറ്റിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ 51 സീറ്റുകളാണ് വേണ്ടത്. ആദ്യ ഫലസൂചനകൾ പ്രകാരം ഡെമോക്രാറ്റുകൾ 45 സീറ്റുകളിലും റിപ്പബ്ലിക്കൻ പാർട്ടി 36 സീറ്റുകളിലുമാണ് മുന്നിലുള്ളത്.

ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ഇവിടെ ഡെമോക്രാറ്റുകളുടെ ലീഡ് 106 സീറ്റുകളിലേക്ക് ഉയർന്നപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 57 സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണൽ തുടരുന്നതിനാൽ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് അമേരിക്കൻ രാഷ്ട്രീയലോകം.

Related Posts