ദീപാവലി ആഘോഷം അടുത്തിരിക്കെ പടക്കങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ബെംഗളൂരുവിലെ ഡോക്ടർമാർ. കണ്ണിന് പരിക്കേൽക്കൽ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കേൾവിക്കുറവ്, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് പടക്കങ്ങൾ കാരണമാകാമെന്നാണ് മുന്നറിയിപ്പ്.
പടക്കം പൊട്ടിക്കുമ്പോൾ പൊട്ടാത്ത തരത്തിലുള്ള സംരക്ഷണ കണ്ണടകൾ (ഷട്ടർപ്രൂഫ് പ്രൊട്ടക്ടീവ് ഗ്ലാസ്) ധരിക്കണമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള മിന്റോ നേത്രാശുപത്രി നിർദേശിച്ചു. 500 മുതൽ 1,000 രൂപവരെ വിലയുള്ള പടക്കങ്ങൾ വാങ്ങുന്നവർക്ക് വിൽപ്പനക്കാർ നിർബന്ധമായും ഇത്തരം കണ്ണടകൾ നൽകണമെന്ന നിർദേശവും ആശുപത്രി മുന്നോട്ടുവച്ചു.
ആശുപത്രിയിലെ കണക്കുകൾ പ്രകാരം പടക്കങ്ങൾ മൂലമുള്ള കണ്ണിന് പരിക്കേറ്റവരുടെ എണ്ണം 2024ൽ 71 ആയിരുന്നു. 2025ൽ ഇത് 56 ആയി കുറഞ്ഞു. പടക്കം പൊട്ടിച്ചവർക്കും സമീപത്തുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. 11 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികളാണ് ഇരകളിൽ കൂടുതലും. ബിജിലി പടക്കങ്ങളാണ് ഏറ്റവും അപകടകാരികളെന്നും കഴിഞ്ഞ വർഷം മാത്രം ഇവ മൂലം 18 പേർക്ക് പരിക്കേറ്റെന്നും ഡോക്ടർമാർ വ്യക്തമാക്കി. ലക്ഷ്മി ബോംബ്, അണുബോംബ് എന്നിവയും അപകടസാധ്യതയുള്ളവയാണ്.
കുട്ടികൾക്ക് ശ്വാസകോശ പ്രശ്നങ്ങൾക്ക് സാധ്യത
പടക്കങ്ങളിൽനിന്നുള്ള പുകയും സൂക്ഷ്മധൂളികളായ പിഎം 2.5 കണങ്ങളും കുട്ടികളുടെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുമെന്ന് ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വളർച്ച പൂർത്തിയാകാത്ത ശ്വാസകോശവും ഇടുങ്ങിയ ശ്വാസനാളികളുമുള്ളതിനാൽ കുട്ടികൾ മലിനീകരണത്തിന് കൂടുതൽ ഇരയാകാം. ആസ്ത്മ, അലർജി, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ള കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണ്.
പ്രായമായവർക്കും ഹൃദ്രോഗികൾക്കും ഭീഷണി
പടക്കങ്ങളുടെ ശബ്ദം 140 മുതൽ 160 ഡെസിബൽ വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് കേൾവിക്ക് സ്ഥിരമായ തകരാറുണ്ടാക്കാം. കുട്ടികളിൽ ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം.
പെട്ടെന്നുള്ള വലിയ ശബ്ദങ്ങൾ പ്രായമായവരിൽ ഉത്കണ്ഠയും പരിഭ്രാന്തിയും വർധിപ്പിക്കാം. ഡിമെൻഷ്യ ബാധിച്ചവരിൽ ആശയക്കുഴപ്പവും അസ്വസ്ഥതയും രൂക്ഷമാകാനും സാധ്യതയുണ്ട്. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം എന്നിവയുള്ളവരിലും പടക്കങ്ങളുടെ ശബ്ദം പ്രതികൂലമായ ശാരീരിക മാറ്റങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
പെട്ടെന്നുള്ള സ്ഫോടനശബ്ദം ശരീരത്തിലെ സമ്മർദ ഹോർമോണുകളുടെ ഉൽപാദനം വർധിപ്പിക്കുകയും ഹൃദയമിടിപ്പും രക്തസമ്മർദവും ഉയർത്തുകയും ചെയ്യും. ഇത് ഹൃദ്രോഗികളിൽ നെഞ്ചുവേദനയ്ക്കും ഹൃദയമിടിപ്പിലെ ക്രമക്കേടുകൾക്കും കാരണമായേക്കാം. അതിനാൽ ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.