കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ പരീക്ഷയെഴുതാൻ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷയെഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് വിദ്യാർഥികൾ ഹർജി നൽകിയത്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കും.

വൈസ് ചാൻസലർ സി.എം. സിസ തോമസിനെതിരായ പ്രതിഷേധത്തിൻ്റെ പേരിൽ സസ്പെൻഷനിലായ 10 എസ്എഫ്ഐ പ്രവർത്തകർക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമായി തീരുമാനമെടുക്കാൻ കോടതികൾക്ക് നിർദേശം നൽകാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് വിദ്യാർഥികൾക്കായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ സുപ്രീംകോടതിയുടെ തീരുമാനം വിദ്യാർഥികൾക്ക് നിർണായകമാകും. കോടതി നടപടി മനുഷ്യത്വരഹിതമാണെന്നാണ് വിദ്യാർഥികളുടെ പ്രതികരണം.

Related Posts