മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക സാക്ഷിമൊഴി. അപകടസമയത്ത് ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ ഭാഗങ്ങളും ഹെൽമറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. എന്നാൽ അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സാക്ഷി വ്യക്തമാക്കി.
തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ 12-ാം സാക്ഷിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ സജീർ ആണ് മൊഴി നൽകിയത്. അപകടം നേരിട്ട് കണ്ടിട്ടില്ലെന്നും സംഭവത്തിന് ശേഷമാണ് താൻ സ്ഥലത്തെത്തിയതെന്നും സജീർ കോടതിയെ അറിയിച്ചു.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെയാണ് സംഭവിച്ചതെന്നോ നേരിട്ട് കണ്ടിട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി. അപകടത്തിൽപ്പെട്ടത് ഏത് വാഹനമാണെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
കേസിൽ ഇതുവരെ 12 സാക്ഷികളെ വിസ്തരിച്ചതിൽ ഒന്നാം സാക്ഷി മാത്രമാണ് കൂറുമാറിയത്. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചാണ് കെ.എം. ബഷീർ മരിച്ചത്.
കേസിൽ രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ പിന്നീട് കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. കേസിൻ്റെ വിചാരണ തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടരുകയാണ്.