രാജ്യത്ത് പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിന് കേന്ദ്രസർക്കാരിൻ്റെ അനുമതി. ₹10, ₹20 മൂല്യമുള്ള പോളിമർ നോട്ടുകളുടെ ഒരു ബില്യൺ വീതം, അതായത് ആകെ 200 കോടി നോട്ടുകൾ, പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയത്.
ആർബിഐയുടെ കേന്ദ്ര ബോർഡിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 25 പ്രകാരമാണ് നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. പരീക്ഷണം വിജയകരമായാൽ ₹10, ₹20 വിഭാഗങ്ങളിൽ പോളിമർ നോട്ടുകൾ സ്ഥിരമായി പുറത്തിറക്കുന്നത് പരിഗണിക്കും.
കടലാസ് നോട്ടുകളേക്കാൾ കൂടുതൽ ഈടുനിൽപ്പ്, വെള്ളത്തെയും ഈർപ്പത്തെയും പ്രതിരോധിക്കാനുള്ള കഴിവ്, സുരക്ഷാ സവിശേഷതകൾ എന്നിവ പോളിമർ നോട്ടുകളുടെ പ്രധാന നേട്ടങ്ങളായി കണക്കാക്കുന്നു. വ്യാജനോട്ടുകൾ തടയുന്നതിനും ദീർഘകാല ഉപയോഗത്തിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, പോളിമർ നോട്ടുകളുടെ വാങ്ങൽ നടപടികൾ ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്. അതിനാൽ പരീക്ഷണ നോട്ടുകൾ പുറത്തിറങ്ങുന്ന കൃത്യമായ സമയപരിധി ഇപ്പോൾ വ്യക്തമാക്കാനാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ അറിയിച്ചു. നിലവിലുള്ള കടലാസ് നോട്ടുകൾ ഉടൻ പിൻവലിക്കുമെന്ന പ്രഖ്യാപനമല്ല ഇത്; ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പോളിമർ നോട്ടുകൾ അവതരിപ്പിക്കുന്നത്.