കേരളത്തിൽ പകൽ താപനിലയിൽ ക്രമമായ വർദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങി. സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലേമാട് ആണ്. 37.1°C ചൂടാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ചൂട് വർധിക്കാനാണ് സാധ്യത. കേരളത്തിൽ മാർച്ച് ഒന്ന് മുതൽ മെയ് 31 വരെയാണ് ഔദ്യോഗികമായി വേനൽക്കാലമായി കണക്കാക്കുന്നത്. ഇത്തവണത്തെ വേനൽ എത്രത്തോളം ഉണ്ടാകും എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രവചനം ഈ മാസം അവസാന വാരത്തോടെ പുറത്തുവരും.
നിലവിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നില്ലെന്നും ഫെബ്രുവരി മാസത്തിൽ സാധാരണ ഉണ്ടാകാറുള്ള കാലാവസ്ഥാ വ്യതിയാനം മാത്രമാണിതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും വേനൽ മഴയ്ക്ക് സാധ്യതയില്ലെന്നും നിലവിലെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.