കടുത്ത വരൾച്ചയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്രസർക്കാരിനോട് 22,400 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് കർണാടക. കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്കും കത്തയച്ചു.
സംസ്ഥാനത്തെ 226 താലൂക്കുകളെ വരൾച്ചബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ 57.93 ലക്ഷം ഹെക്ടർ കൃഷി നശിക്കുകയും 62,482 കോടി രൂപയുടെ നഷ്ടമുണ്ടാകുകയും ചെയ്തതായാണ് സർക്കാർ വിലയിരുത്തൽ. നേരത്തെ 20,586 കോടി രൂപയുടെ സഹായമാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദുരിതാശ്വാസ സഹായത്തിൻ്റെ സബ്സിഡി നിരക്ക് വർധിപ്പിച്ചതിനെത്തുടർന്നാണ് നഷ്ടപരിഹാരത്തുക 22,400 കോടി രൂപയായി ഉയർത്തി വീണ്ടും സഹായം തേടിയത്.