കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചലച്ചിത്ര ഗാന രചയിതാവ് ബി.കെ. ഹരിനാരായണന്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അദ്ദേഹം നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. ഫെബ്രുവരി 11 ന് വൈകീട്ട് 5.30 ന് കൂമുള്ളിയിൽ സ്മൃതിലയം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കും.

2018 ൽ ജോസഫ് എന്ന ചിത്രത്തിലെ കണ്ണെത്താ ദൂരം, തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്നീ ഗാനങ്ങൾക്കും 2021 ൽ കാടകലം എന്ന ചിത്രത്തിലെ കണ്ണീരു കടഞ്ഞു എന്ന ഗാനത്തിനും മികച്ച ഗാനരചനയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബി.കെ ഹരിനാരായണന് ലഭിച്ചിട്ടുണ്ട്. 2025 ലെ മുല്ലനേഴി പുരസ്കാരം, ഫിലിംഫെയർ അവാർഡ്, സൈമ (SIIMA ) അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ബി.കെ. ഹരിനാരായണന് ലഭിച്ചിട്ടുണ്ട്.

ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനിയുടെയും മകനായി പെരുമ്പിലാവിനടുത്ത് കരിക്കാടാണ് ഹരിനാരായണൻ്റെ ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഭാരതീയവിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി.ജി.ഡിപ്ലോമയും നേടി. കുറച്ചുകാലം കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലി നോക്കി. പഠിക്കുന്ന കാലം മുതൽ കവിതകൾ എഴുതുമായിരുന്ന ഹരിനാരായണൻ നൂറ്റടപ്പൻ ( ആദ്യ കവിതാ സമാഹാരം), പന്തും പാട്ടും പറച്ചിലും, അനുരാഗനദിയേ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Posts