ബംഗളൂരുവിൽ നടുറോഡിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. ബിഹാർ സ്വദേശി സഞ്ജയാണ് ഭാര്യ സോണാലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. തക്കസമയത്ത് നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് സോണാലി രക്ഷപ്പെട്ടു. സോണാലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് യുവതിയെ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സോണാലിയുടെ കഴുത്തറക്കാൻ ശ്രമിച്ചു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് സോണാലിയെ രക്ഷിച്ചു.
ഇവർക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് അന്വേഷണത്തിൽ നിന്ന് പോലീസ് കണ്ടെത്തി. സോണാലിയുടെയും സഞ്ജയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷം ഇരുവരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്. സഞ്ജയ് വീട്ടിൽ മദ്യപിച്ചെത്തുന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. തുടർന്ന് സഞ്ജയ് ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.