സംസ്ഥാനത്ത് ഓണത്തിരക്ക് പരിഹരിക്കാൻ സ്വകാര്യ ബസുകൾ വാടകക്കെടുത്ത് കൂടുതൽ സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുമെന്ന പ്രഖ്യാപനം ഗതാഗത മന്ത്രി സി.പി.ജോൺ നടത്തിയെങ്കിലും മോക്ഷം ലഭിക്കാതെ സ്വന്തം ബസുകൾ വർക്ഷോപ്പിൽ തുടരുന്നു. കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി വാങ്ങിയ അന്നത്തെ ഏറ്റവും ആഡംബര ബസായ വോൾവോ ബിആർ 11 ഗജരാജ് ബസാണ് അപകടത്തിൽപ്പെട്ട് അറ്റകുറ്റ പണികൾ പൂർത്തിയാക്കാതെ ആറ് മാസത്തോളമായി ബംഗളൂരുവിലെ വർക്ക് ഷോപ്പിൽ കിടക്കുന്നത്. കണിയാപുരം ഡിപ്പോ ഓടിക്കുന്ന ബംഗളൂരു-തിരുവനന്തപുരം ബസാണ് ബംഗളൂരുവിലെ വർക്ക് ഷോപ്പിൽ കിടക്കുന്നത്.
നിലവിൽ ഈ റൂട്ടിൽ ഗജരാജിൻ്റെ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ഈ ബസ് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിൽ എത്തി പിറ്റേദിവസം തിരിച്ചു പോരുന്നതിനാൽ ഒന്നിടവിട്ടാണ് സർവീസ്. അതിനാൽ ദിവസവും സർവീസ് ഇല്ലാത്തതോടെ സ്ഥിരം യാത്രക്കാരും ബസിനെ കൈവിട്ടു. ഏകദേശം 60,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വരുമാനം ലഭിച്ചിരുന്ന സർവീസിന് ഈ അവസ്ഥ തുടരുമ്പോഴും സർക്കാർ സ്വകാര്യ ബസുകൾ വാടകക്കെടുക്കുന്നതിൽ വിമർശനം ഉയരുന്നുണ്ട്.
അതേസമയം, സ്വിഫ്റ്റിനു കീഴിൽ സർവീസ് നടത്തിയിരുന്ന വോൾവോ സർവീസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്തതോടെ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി ബസുകൾ കൈമാറുന്നില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, യാത്രക്കാർക്ക് ആശ്വാസമായി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഫ്ലെക്സി പ്രൈസ് നിലവിലുള്ളതിനാൽ 2000 രൂപ മുതൽ 3000 രൂപവരെ ടിക്കറ്റ് നിരക്ക് വരുന്നുണ്ട്. ഇത് ഉത്സവ സീസണുകളിൽ 4500 രൂപയുടെ മുകളിലും എത്താറുണ്ട്.