എൽ.പി.എസ്.ടി. റാങ്ക് പട്ടികയിലെ ഉദ്യോഗാർഥിയായ വളർമതി പി.എസ്.സി. നിയമനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത സംഭവം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഒരു പെൺകുട്ടി മുടി മുറിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയെന്നും കണ്ണു നിറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘സമരക്കാർ മുഖ്യമന്ത്രിക്കെതിരെയോ പൊതുവിദ്യാഭ്യാസ മന്ത്രിക്കെതിരെയോ വിമർശനം ഉന്നയിക്കുന്നതിൽ വിരോധമില്ല. സമരക്കാരുമായി ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. സമരം ചെയ്യുന്നവരോട് സർക്കാരിന് പിടിവാശിയില്ല’ മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിൻ്റെ കാലത്ത് സമരക്കാരുമായി ചർച്ച നടത്താൻ തയ്യാറായിരുന്നില്ലെന്നും അന്ന് പ്രതിഷേധക്കാർക്ക് സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ നിലവിലെ സർക്കാർ സമരക്കാരെ അവഗണിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ മന്ത്രി എട്ടു തവണയും മുഖ്യമന്ത്രി രണ്ടു തവണയും സമരക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. സമരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ സെക്രട്ടറിയും സമരക്കാരെ സമീപിച്ചിരുന്നു.

സമരക്കാർ മുന്നോട്ടുവച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. എൽ.പി.എസ്.ടി. നിയമനത്തിലെ റേഷ്യോ കുറയ്ക്കണമെന്ന ആവശ്യമാണ് പ്രധാന തടസ്സം. റേഷ്യോ കുറച്ചാൽ എൽ.പി.എസ്.ടി. വിഭാഗത്തിൽ മാത്രമല്ല, യു.പി.എസ്.ടി., എച്ച്.എസ്.ടി. വിഭാഗങ്ങളിലും പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിവരും. സർക്കാർ സ്കൂളുകളിൽ ഇത്തരമൊരു മാറ്റം നടപ്പാക്കിയാൽ എയ്ഡഡ് സ്കൂളുകളും സമാന ആവശ്യം ഉന്നയിക്കുമെന്നും നിയമപ്രശ്നങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക തസ്തികകൾ സൃഷ്ടിക്കാൻ കേരളത്തിന് കഴിയില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ ഇക്കാര്യം പരിഗണിക്കാമെന്നും ഉദ്യോഗാർഥികളുടെ ആവശ്യം തള്ളിയതല്ല, സാമ്പത്തിക പരിമിതികളാണ് തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts