നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീണു മൂന്നു കാറുകൾ തകർന്നു. തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട് – തൃശൂർ ദേശീയപാതയിൽ കൂരിയാടിനും കൊളപ്പുറത്തിനുമിടയിൽ വെച്ചായിരുന്നു അപകടം. കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
രണ്ട് വാഹനങ്ങൾ കല്ലും മണ്ണും വീണ് പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങൾ വി.കെ പടിയിൽ നിന്നും മമ്പുറം കക്കാട് വഴി പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. നിർമ്മാണത്തിലെ പോരായ്മകൾ നേരത്തെ ഉന്നയിച്ചതാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു.