താരസംഘടനയായ ‘അമ്മ’യിൽ ശ്വേത മേനോൻ്റെ നേതൃത്വത്തിൽ നടത്താനിരുന്ന ഓണക്കിറ്റ് വിതരണത്തെ ചൊല്ലി പുതിയ വിവാദം. ജനറൽ ബോഡിയിൽ രാജി സമർപ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരിൽ പ്രവർത്തിക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിൻ്റെ ഭാഗമായി ഭൂരിഭാഗം താരങ്ങളും ഓണക്കിറ്റ് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.
സംഘടനയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങൾ ശ്വേത മേനോൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത്. വനിതാ താരങ്ങളുടെ ‘പെൺമക്കൾ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചില അംഗങ്ങളാണ് ഓണക്കിറ്റ് വിതരണത്തിനെതിരെ ആദ്യം പ്രതിഷേധം ഉയർത്തിയത്.
ഇതിനിടെ, അഡ്ഹോക്ക് കമ്മിറ്റിയുമായി ബന്ധപ്പെട്ട നിയമവിവാദവും തുടരുകയാണ്. രമേഷ് പിഷാരടിക്ക് അഡ്ഹോക്ക് കമ്മിറ്റിയിൽ തുടരാനാകില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും, ശ്വേത മേനോന് തുടരാൻ കോടതി അനുമതി നൽകിയിട്ടില്ലെന്നാണ് നടി ഉഷ ഹസീനയുടെ ആരോപണം. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സഹപ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് ശ്വേത മേനോൻ സംഘടനയുടെ ഓഫീസിൽ പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
ശ്വേത മേനോൻ അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ സമർപ്പിച്ച ഹർജി ഈ മാസം 11-ന് കോടതി പരിഗണിക്കും. അതേസമയം, സംഘടനയിൽ രജിസ്ട്രാർ ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അംഗങ്ങൾ രജിസ്ട്രാറെ സമീപിച്ചിട്ടുമുണ്ട്. ഇതോടെ ‘അമ്മ’യിലെ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണമാകുകയാണ്.