തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റി. എന്നാൽ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാൻ താൽപര്യമില്ലെന്ന് ജേതാവ് ലോട്ടറി വകുപ്പിനെ അറിയിച്ചു. ഇതോടെ പേരും മറ്റ് വിവരങ്ങളും വകുപ്പ് പുറത്തുവിട്ടിട്ടില്ല.
തളിപ്പറമ്പിൽ വിറ്റ ടിക്കറ്റായ TL 360615നാണ് ഇത്തവണത്തെ തിരുവോണം ബമ്പറിൻ്റെ ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിന് പിന്നാലെ ജേതാവിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാതിരുന്നത് ശ്രദ്ധ നേടിയിരുന്നു.
വലിയ തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നവരെ തേടി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ആളുകൾ എത്തുന്ന സംഭവങ്ങൾ മുൻ വർഷങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു. ഓണം ബമ്പർ ജേതാക്കൾ നേരിട്ട ഇത്തരം അനുഭവങ്ങൾ വാർത്തയായ സാഹചര്യത്തിൽ ഇത്തവണത്തെ വിജയി സ്വകാര്യത നിലനിർത്താൻ തീരുമാനിച്ചതാകാമെന്നാണ് വിലയിരുത്തൽ.
നികുതിയും സെസും ഏജന്റ് കമ്മീഷനും ഉൾപ്പെടെയുള്ള കുറവുകൾക്ക് ശേഷം ഏകദേശം 16.47 കോടി രൂപയാണ് ജേതാവിന് ലഭിക്കുക. വലിയ സമ്മാനത്തുക നേടിയെങ്കിലും തിരിച്ചറിയൽ വിവരങ്ങൾ പരസ്യമാക്കാതെയാണ് ഭാഗ്യശാലി പണം കൈപ്പറ്റിയത്.