കേരളത്തിൻ്റെ റോബോട്ടിക്സ് മേഖലയ്ക്ക് അഭിമാനമായി ജെൻറോബോട്ടിക്സ്(Genrobotics) ഇന്നൊവേഷൻസ്. ഐഎസ്ആർഒയുടെ യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിൻ്റെ (യു.ആർ.എസ്.സി.) ഉപഗ്രഹ പദ്ധതിക്കായി റോബോട്ടിക് സംവിധാനം വികസിപ്പിക്കാനുള്ള കരാർ കമ്പനി സ്വന്തമാക്കി. ഐഎസ്ആർഒയിൽനിന്ന് റോബോട്ടിക്സ് വികസന കരാർ നേടുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പെന്ന നേട്ടവും ഇതോടെ ജെൻറോബോട്ടിക്സ്(Genrobotics) സ്വന്തമാക്കി.
ഉപഗ്രഹങ്ങളിൽ ആശയവിനിമയ റിഫ്ലക്ടറുകൾ വിന്യസിക്കുന്നതിനും അവയുടെ ദിശ കൃത്യമായി ക്രമീകരിക്കുന്നതിനുമുള്ള തദ്ദേശീയ ആർട്ടിക്കുലേറ്റഡ് ബൂം ആം സംവിധാനമാണ് കമ്പനി വികസിപ്പിക്കുക. വിക്ഷേപണസമയത്തെ കടുത്ത ആഘാതങ്ങളും ബഹിരാകാശത്തെ താപനില വ്യതിയാനങ്ങളും ശൂന്യതയും സൂക്ഷ്മഗുരുത്വാകർഷണ സാഹചര്യങ്ങളും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം രൂപകൽപ്പന ചെയ്യുന്നത്. അതിസൂക്ഷ്മമായ സ്ഥാനനിർണയവും ദിശാക്രമീകരണവുമാണ് ലക്ഷ്യം.
മനുഷ്യരെ അപകടകരമായ ശുചീകരണ ജോലികളിൽനിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017-ൽ സ്ഥാപിച്ച കമ്പനിയാണ് ജെൻറോബോട്ടിക്സ് (Genrobotics). മനുഷ്യർക്ക് പകരം അഴുക്കുചാലുകൾ വൃത്തിയാക്കാൻ രൂപകൽപ്പന ചെയ്ത ലോകത്തിലെ ആദ്യ റോബോട്ടിക് ശുചീകരണ സംവിധാനമെന്ന് കമ്പനി വിശേഷിപ്പിക്കുന്ന ‘ബാൻഡികൂട്ട്’ റോബോട്ടിലൂടെയാണ് സ്ഥാപനം ശ്രദ്ധ നേടിയത്. അപകടകരമായ ഭൂഗർഭ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിനായി വികസിപ്പിച്ച സാങ്കേതികവിദ്യ പിന്നീട് ആരോഗ്യപരിചരണം, പ്രതിരോധം, വ്യവസായം, എണ്ണ-വാതക മേഖലകൾ എന്നിവയിലേക്കും വ്യാപിപ്പിച്ചു.
തിരുവനന്തപുരം തുമ്പയിലെ കിൻഫ്ര പാർക്കിൽ ബഹിരാകാശ റോബോട്ടിക്സിനായി പ്രത്യേക ഗവേഷണ-നിർമാണ കേന്ദ്രവും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ ഉപയോഗത്തിനുള്ള ഉപകരണങ്ങളുടെ പരിശോധനയ്ക്കും കൃത്യതയാർന്ന അസംബ്ലിക്കും ആവശ്യമായ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന റോബോട്ടുകൾ വികസിപ്പിച്ചതിലൂടെ നേടിയ സാങ്കേതിക പരിചയമാണ് ബഹിരാകാശ മേഖലയിലേക്കുള്ള ചുവടുവയ്പ്പിന് കരുത്തായതെന്ന് ജെൻറോബോട്ടിക്സ് സഹസ്ഥാപകനും സി.ഇ.ഒയുമായ വിമൽ ഗോവിന്ദ് എം.കെ. പറഞ്ഞു. പരാജയം അനുവദിക്കാനാകാത്ത മേഖലകളിൽ പ്രവർത്തിക്കുന്നതിനാവശ്യമായ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് സഹസ്ഥാപകനും സി.ടി.ഒയുമായ ജലീഷ് പിയും വ്യക്തമാക്കി.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഉയർന്ന സാങ്കേതികവിദ്യാ മേഖലകളിൽ കൂടുതൽ അവസരങ്ങൾ തുറക്കുന്നതാണ് ഈ നേട്ടം. തദ്ദേശീയമായി വികസിപ്പിക്കുന്ന റോബോട്ടിക് സംവിധാനങ്ങളിലൂടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയാകാനുള്ള കേരളത്തിൻ്റെ സാങ്കേതിക ശേഷിയും ഇതോടെ ശ്രദ്ധേയമാകുന്നു.