കന്യാകുമാരിയിൽ നിന്ന് കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ ഏതാനും ദിവസം മുന്‍പ് അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. കന്യാകുമാരി സന്ദർശിച്ച ഇരുവരും ഞായറാഴ്ച മുതൽ കാണാതായിരുന്നു. കന്യാകുമാരിയിൽ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും, പിന്നാലെ പുറത്തുപോയി. എന്നാൽ രണ്ട് ദിവസത്തിന് ശേഷവും ഇരുവരും തിരിച്ചെത്തിയില്ല. ഇതോടെ ഹോട്ടൽ ജീവനക്കാർ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
യുവതികളുടെ ബന്ധുക്കൾ കന്യാകുമാരിയിലെത്തി നടത്തിയ അന്വേഷണം വിഫലമായിരുന്നു. തുടർന്ന് കുടുംബം പോലീസിനെ സമീപിച്ചിരുന്നു. സംഭവത്തിൽ കന്യാകുമാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി കരയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.