ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ മാർച്ച്. പോലീസ് മാർച്ച് ചെയ്തവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്‌തു. സർക്കാരിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്.

കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജില്ലാഭരണകൂടത്തിന്‍റെ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സമരവുമുണ്ടായി. കണ്ണൂരും എറണാകുളത്തും ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. ഡിഎംഒ ഓഫീസിലേക്ക് ബാരിക്കേഡ് തകർത്ത് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്ന സാഹചര്യവും ഇരു സ്ഥലങ്ങളിലുമുണ്ടായി.

യൂത്ത് കോൺഗ്രസിൻ്റെ പല നേതാക്കളെയും സംഭവത്തിൽ അറസ്റ്റുചെയ്തിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പലതവണ തിരുവനന്തപുരത്ത് ജലപീരങ്കി പ്രയോഗിച്ചു. മാർച്ചിനിടെ സംഘർഷമുണ്ടായതോടെ പോലീസ് ലാത്തിവീശി. പ്രവർത്തകരും പോലീസും തമ്മിൽ കൊല്ലത്ത് കൈയാങ്കളിയുണ്ടായി. മിക്കയിടങ്ങളിലും പോലീസിൻ്റെ ഇടപെടലുണ്ടായിട്ടും പ്രവർത്തകർ പിന്തിരിഞ്ഞുപോവാൻ തയ്യാറായിട്ടില്ല.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ മരണം, തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തലുകൾ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപ്പിടിച്ച അത്യാഹിത വിഭാഗം ഇതുവരെ പ്രവർത്തന സജ്ജമാകാത്തത് തുടങ്ങി നിരവധി വിഷയങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി സർക്കാരിനെതിരേ പ്രതിഷേധമുയരുന്നുണ്ട്.

Related Posts