കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, കാസർകോട്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വയനാട്ടിലെ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, മദ്രസകൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും പൊതുപരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. യാത്രകൾ പരമാവധി ഒഴിവാക്കുകയും കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

Related Posts