കർണാടകയിലെ പ്രമുഖ മലയാളി ഇടതുപക്ഷ സംഘടനയായ കല ബാംഗ്ലൂരിൻ്റെ മൂന്നാം ചരിത്ര സമ്മേളനം ജനപങ്കാളിത്തവും സംഘടനാ ആവേശവുംകൊണ്ട് ശ്രദ്ധേയമായി സമാപിച്ചു. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 200 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടപടികളോടെ ആരംഭിച്ച സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനത്തിന് 10 മണിക്ക് തുടക്കമായി. മുതിർന്ന സിപിഐ(എം) നേതാവ് വി. ജെ. കെ. നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്ത സമ്മേളനം, സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരുംവർഷങ്ങളിലെ പ്രവർത്തന ദിശയും ക്ഷേമ പദ്ധതികളും സംഘടനാ വിപുലീകരണവും സംബന്ധിച്ച പ്രമേയങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. വൈകിട്ട് 4 മണിയോടെയാണ് പ്രതിനിധി സമ്മേളനം സമാപിച്ചത്.
തുടർന്ന് നടന്ന ആവേശഭരിതമായ പൊതുസമ്മേളനം സിപിഐ(എം) രാജ്യസഭാംഗം എ. എ. റഹിം എം.പി. ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ കർണാടക സംസ്ഥാന പ്രസിഡണ്ട് ശിവപ്പ മുഖ്യാഥിതി ആയിരുന്നു. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യനീതി എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവാസി മലയാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ കല ബാംഗ്ലൂർ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് എ എ റഹീം എംപി ആഹ്വാനം ചെയ്തു.
സമ്മേളനം പുതിയ നേതൃത്വത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഫിലിപ്പ് കെ. ജോർജ് ജനറൽ സെക്രട്ടറിയായും കൊച്ചുമോൻ ബി. പ്രസിഡണ്ടായും സീതാ രജീഷ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വിനീത് പി. എൻ., രാജേഷ് ടി. എന്നിവർ വൈസ് പ്രസിഡണ്ടുമാരായും സുമേഷ് സി, തോമസ് എം എം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും പ്രജിത്ത് കുമാർ ജോയിന്റ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. 33 അംഗ കേന്ദ്ര കമ്മിറ്റിയെയും ആറു പ്രത്യേക ക്ഷണിതാക്കളെയും സമ്മേളനം അംഗീകരിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി കല യൂത്ത് വിങ്ങിൻ്റെ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
പുതിയ നേതൃത്വത്തിൻ്റെ കീഴിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കർണാടകയിലെ മലയാളി സമൂഹത്തിൻ്റെ ക്ഷേമ, സാംസ്കാരിക, സാമൂഹിക ഇടപെടലുകൾ വിപുലപ്പെടുത്തുന്നതിനുമുള്ള പ്രവർത്തന പദ്ധതികൾ സമ്മേളനം അംഗീകരിച്ചു. പോരാട്ടത്തിൻ്റെയും ജനകീയ ഇടപെടലുകളുടെയും പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ടാണ് കല ബാംഗ്ലൂരിൻ്റെ മൂന്നാം ചരിത്ര സമ്മേളനം സമാപിച്ചത്.
