ആകെ 675 പേരാണ് വിവിധ ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ് ഇതില്‍ 178 പേര്‍. പാലക്കാട് 347 പേരും മലപ്പുറം ജില്ലയില്‍ 210 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി അറിയിച്ചു. 13 പേരാണ് മലപ്പുറത്ത് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്.

12 പേര്‍ പാലക്കാട് ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ സംസ്ഥാനത്ത് 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലിസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Posts