മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്കും അനുവദിച്ച സമ്പൂർണ നിയമപരിരക്ഷ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മിഷനും നോട്ടീസ് അയച്ചു. വിഷയത്തിൽ വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
2023ലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മിഷണേഴ്സ് ആക്ടിലെ സെക്ഷൻ 16 ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആർ.ജെ.ഡി. എം.പി. മനോജ് ഝാ, അഭിഭാഷകൻ അരുൺ കുമാർ അഗർവാൾ എന്നിവരാണ് ഹർജിക്കാർ. ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനിടെ ചെയ്ത പ്രവൃത്തികളുടെ പേരിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മറ്റ് കമ്മിഷണർമാർക്കും പദവിയിലിരിക്കുമ്പോഴും വിരമിച്ച ശേഷവും സിവിൽ, ക്രിമിനൽ നടപടികളിൽനിന്ന് സംരക്ഷണം നൽകുന്ന വ്യവസ്ഥയാണ് നിയമത്തിലെ സെക്ഷൻ 16.
ഈ നിയമപരിരക്ഷയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് ഇത്തരത്തിൽ സമ്പൂർണ സംരക്ഷണം നൽകുന്നത് നിയമപരമായി നിലനിൽക്കുമോയെന്ന കാര്യത്തിലാണ് സുപ്രീംകോടതി വിശദീകരണം തേടിയിരിക്കുന്നത്.