മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തമാകും. രാവിലെ പത്തുമണിക്ക് ജന്തർമന്തറിലെത്താൻ സിജെപി ആഹ്വാനം ചെയ്തതിനു പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെയെക്കുറിച്ച് വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി ഡൽഹി പൊലീസ് കമ്മീഷണർക്ക് കത്തയച്ചു. മണിക്കൂറുകൾ പിന്നിട്ടിട്ടും അഭിജീത് എവിടെയാണെന്ന വിവരം ലഭിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങളെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. അഭിജീത് ദീപ്കെയെ ഉടൻ വിട്ടയക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഡൽഹിയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ തുടരുന്നതിനിടെ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലേക്കും നീങ്ങുകയാണ്. സുപ്രീംകോടതി ഉത്തരവ് മറികടന്ന് അനധികൃതമായി മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പ്രത്യേക ബെഞ്ച് ഇന്ന് പരിഗണിക്കും.

അതേസമയം, ഡൽഹിയിൽ പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രസ്താവന ഇന്ത്യ തള്ളി. വിഷയത്തിൽ യുഎന്നിൻ്റെ പ്രതികരണം അനാവശ്യ ഇടപെടലാണെന്ന് ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. ഇക്കാര്യത്തിൽ നിഷ്പക്ഷമായ വിലയിരുത്തൽ വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Related Posts