ബിരിയാണി വിൽപ്പനക്കാരനായ ജ്ഞാനശേഖരന് (37) അണ്ണാ സർവകലാശാലയിൽ 19കാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 90,000 രൂപ പിഴയും ചുമത്തി. പ്രതി വിദ്യാർത്ഥിനിയെ കഴിഞ്ഞ ഡിസംബറിലാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പ്രതി കുറഞ്ഞത് 30 വർഷം ജയിലിൽ കഴിയണമെന്ന് ജഡ്‌ജി എം രാജലക്ഷ്മി ഉത്തരവിട്ടു.

ഒരു ദയവും ജ്ഞാനശേഖരനോട് കാണിക്കരുതെന്നും കോടതി പറഞ്ഞു. ബലാത്സംഗം, ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ 11 കുറ്റങ്ങളും ജ്ഞാനശേഖരൻ ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. 29 സാക്ഷികൾ മൊഴികൾ കോടതി പരിശോധിച്ചു. പൊലീസ് 100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.

പ്രായമായ അമ്മയെയും എട്ട് വയസുള്ള മകളെയും നോക്കാൻ മറ്റാരും ഇല്ലാത്തതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇയാൾ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ ഇയാൾക്ക് പരമാവധി ശിക്ഷ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്ക് മടങ്ങിയ രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി 2024 ഡിസംബർ 23ന് രാത്രി എട്ട് മണിക്കാണ് പീഡനത്തിനിരയായത്. പ്രതി ഭീഷണിപ്പെടുത്തി പീഡനത്തിൻ്റെ ദൃശ്യങ്ങളും പകർത്തി. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ അക്രമിച്ച് അവശനിലയിലാക്കിയ ശേഷം യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി പ്രതി ഉപദ്രവിക്കുകയായിരുന്നു. സംഭവ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

Related Posts