ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലെത്തിയ ആക്സിയം – 4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെൻ്ററില്‍ നിന്ന് ജൂണ്‍ 8 ന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിൻ്റെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന പട്ടം ശുഭാംശു ശുക്ലയുടെ സ്വന്തമാകാന്‍ ഇനി ദിവസങ്ങള്‍മാത്രം. റഷ്യയുടെ സോയൂസ് പേടകത്തിൽ ബഹിരാകാശത്തെത്തിയ രാകേഷ് ശർമയ്ക്കുശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യൻ പൗരനാകും ശുഭാംശു.
ബഹിരാകാശത്ത് പരീക്ഷണം നടത്തിയ വിത്തുകളെ ഭൂമിയിലെത്തിച്ച് കൃഷിക്കുപയോഗിക്കാനും ലക്ഷ്യമിടുന്നുണ്ട്. കമാൻഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണടക്കം 3 പേർകൂടി ദൗത്യത്തിൻ്റെ ഭാഗമാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 14 ദിവസവും ഭക്ഷണവും പോഷകവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാകും ശുഭാംശു നടത്തുക. അന്താരാഷ്ട്ര നിലയത്തിലെ അനുഭവങ്ങൾ വീഡിയോയിൽ പകർത്തുമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. 550 കോടിരൂപയാണ് ആക്‌സിയം – 4 ദൗത്യത്തിനായി ഐഎസ്ആർഒ മുടക്കുന്നത്.