ബസിൽ യാത്രചെയ്യവേ ആൺകുഞ്ഞിന് ജന്മം നൽകിയ 19 കാരി പ്രസവ ശേഷം ചോരക്കുഞ്ഞിനെ റോഡിൽ വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ ചൊവ്വാഴ്ച രാവിലെ 6:30 ഓടെ പത്രി-സേലു റോഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. റിതിക ധേരെയും ഇവരുടെ ഭർത്താവാണെന്ന് അവകാശപ്പെടുന്ന ഷെയ്ഖ് അൽതാഫിനെയും പൊലീസ് അറസ്റ്റു ചെയ്തു.
ബസിൽ നിന്ന് ദമ്പതികൾ തുണിയിൽ പൊതിഞ്ഞ ഒരു വസ്തു പുറത്തേക്ക് എറിയുന്നത് കണ്ട വഴിയാത്രക്കാരനാണ് ഹെൽപ്ലൈൻ വഴി പൊലീസിൽ വിവരമറിയിച്ചത്. ബസ് ഡ്രൈവറും വലിച്ചെറിയുന്നത് ശ്രദ്ധിച്ചിരുന്നു. എന്നാൽ ഭാര്യ ഛർദ്ദിച്ചുവെന്ന് പറഞ്ഞ് അൽതാഫ് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു.
ഉടനെ വിവരം അറിഞ്ഞെത്തിയ പൊലീസ് ബസ് തടഞ്ഞു നിർത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വളർത്താൻ കഴിയാത്തതിനാലാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന് ദമ്പതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. റോഡിൽ വലിച്ചെറിയപ്പെട്ട കുഞ്ഞ് മരിച്ചിരുന്നു. ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞെങ്കിലും വിവാഹബന്ധം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ അവർക്കായില്ല.
പർഭാനിയിൽ നിന്നുള്ളവരാണ് ധേരെയും അൽത്താഫും. പൂനെയിലാണ് കഴിഞ്ഞ ഒന്നര വർഷമായി ഇരുവരും താമസിക്കുന്നത്. ധേരെയെ കസ്റ്റഡിയിലെടുത്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.