അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35) എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. അഞ്ജന ഹരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും.
ആൻ മേരി മാത്യുവിൻ്റെ മൃതദേഹം ഭർത്താവ് പള്ളത്ര ജേക്കബ് ആൻഡ്രൂസിൻ്റെ (മിഥുൻ) നാടായ പള്ളത്ത് നാളെ രാവിലെ 10ന് എത്തിക്കും. സെന്റ് ഇഗ്നേഷ്യസ് യാക്കോബായ (കല്ലൂപ്പറമ്പിൽ) പള്ളിയിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12ന് സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. കേശവദാസപുരം മറ്റത്ത് ജിജി മാത്യുവിൻ്റെയും പരേതയായ ബെസ്സി ജി. മാത്യുവിൻ്റെയും മകളാണ് ആൻ മേരി. ആൻഡ്രീന, അലീസ എന്നിവരാണ് മക്കൾ.