മള്‍ട്ടിപ്ലെക്സുകളിലും തീയേറ്ററുകളിലും ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിച്ചു കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. സിനിമകള്‍ക്ക് ഇതോടെ സംസ്ഥാനത്ത് പരമാവധി ഈടാക്കാവുന്ന ടിക്കറ്റ് നിരക്ക് 200 രൂപയായി. കഴിഞ്ഞ ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ടിക്കറ്റ് നിരക്കിന് 200 രൂപ പരിധി നിശ്ചയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കർണാടക സിനിമ (റെഗുലേഷൻ) നിയമം ഭേദഗതി ചെയ്താണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മൾട്ടിപ്ലെക്സുകളിലും തീയേറ്ററുകളിലും വിനോദ നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 200 രൂപയിൽ കൂടരുത്തെന്നാണ് ഗവർണർ ഒപ്പുവെച്ച ഭേദഗതിയിൽ പറയുന്നത്. സിനിമാ സംഘടനകൾക്ക് എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം സർക്കാരിനെ അറിയിക്കാം. അന്തിമ വിജ്ഞാപനം 15 ദിവസത്തിന് ശേഷം പുറത്തിറക്കും.
കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സും ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും ബജറ്റ് പ്രഖ്യാപനത്തെ പിന്തുണച്ചിരുന്നു. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുന്നതോടെ കൂടുതൽ ആളുകൾ കന്നഡ ചിത്രങ്ങൾ കാണാനെത്തുമെന്നാണ് സംഘടനകളുടെ വിലയിരുത്തൽ. എന്നാൽ, മൾട്ടിപ്ലെക്സുകൾ സർക്കാർ തീരുമാനത്തിനെതിരായിരുന്നു.