എറണാകുളം ജില്ലയിൽ ഇനി സിപിഎമ്മിനെ നയിക്കാൻ യുവനിര. സി പി എം ജില്ല സെക്രട്ടറിയായി എസ്. സതീഷിനെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന അധ്യക്ഷൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ 2 പേർ പുതുമുഖങ്ങളാണ്. ഷാജി മുഹമ്മദും കെ.എസ്.അരുൺ കുമാറുമാണ് പുതുമുഖങ്ങളായി ജില്ലാ സെക്രട്ടറിയേറ്റിലേക്കെത്തുന്നത്.
പാർട്ടി മുന്നോട്ട് പോകുന്നത് എല്ലാ വിഭാഗം ആൾക്കാരെയും ഉൾക്കൊണ്ടുകൊണ്ടാണ് എന്ന് എസ്. സതീഷ് പറഞ്ഞു. ഇരുപത്തിനാലാം പാർട്ടി കോൺ ഗ്രസിൻ്റെ ഭാഗമായുള്ള ജില്ലാ സമ്മേളനത്തിൻ്റെ ഉള്ളടക്കത്തിൽ തന്നെ എടുത്തുപറഞ്ഞത് എറണാകുളത്ത് പാർട്ടി കൈവരിച്ച ഐക്യത്തെക്കുറിച്ചാണ്. കൂടുതൽ ജനകീയ ബന്ധങ്ങൾ ഉണ്ടാക്കി, പാർട്ടിയുടെ ഈ ഐക്യത്തെ കൂടുതൽ ശക്തിപ്പെടുത്തി, അത് പാർട്ടിക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.