ഡൽഹിയിൽ സെപ്റ്റംബറിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ഇന്ത്യ സന്ദർശിച്ചേക്കും. സെപ്റ്റംബർ 12, 13 തീയതികളിലായിരിക്കും ഉച്ചകോടി നടക്കുക. സന്ദർശനം യാഥാർഥ്യമായാൽ 2020-ലെ ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഷി ജിൻപിങ്ങിൻ്റെ ആദ്യ ഇന്ത്യ സന്ദർശനമാകും.
2019 ഒക്ടോബറിൽ മഹാബലിപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടിക്കായാണ് ഷി അവസാനമായി ഇന്ത്യയിലെത്തിയത്. അതിനുശേഷം ഗൽവാൻ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധം കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഏതാണ്ട് ആറുവർഷത്തിന് ശേഷമുള്ള ഈ സന്ദർശനം ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
സന്ദർശനത്തിന് മുന്നോടിയായി ഇരു രാജ്യങ്ങളും നയതന്ത്രതല ചർച്ചകൾ സജീവമാക്കാൻ സാധ്യതയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉടൻ ചൈന സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിർത്തി തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉന്നതതല കൂടിയാലോചനകളും പ്രത്യേക പ്രതിനിധികളുടെ യോഗങ്ങളും വരും ആഴ്ചകളിൽ നടക്കുമെന്നാണ് സൂചന.
ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ചയും നടക്കാൻ സാധ്യതയുണ്ടെന്നാണ് നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്. അതിർത്തി പ്രശ്നങ്ങൾ, വ്യാപാര ബന്ധം, പ്രാദേശിക സുരക്ഷാ വിഷയങ്ങൾ എന്നിവ ചർച്ചയിലെ പ്രധാന അജൻഡകളാകുമെന്നാണ് പ്രതീക്ഷ.