യുക്രൈനിൽ റഷ്യൻ ഡ്രോണാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഉക്രെയ്‌നിലെ ഒഡെസയിൽ ഒരു റെസിഡൻഷ്യൽ ഏര്യിയലെ 21 നില കെട്ടിടത്തിലേക്കാണ് ഡ്രോൺ ഇടിച്ചുകയറിയത്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നതും 21 നില കെട്ടിടത്തിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതും സ്റ്റേറ്റ് എമർജൻസി സർവീസ് പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ കാണാം.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ സ്തംഭിച്ചതോടെ റഷ്യ യുക്രൈനിയൻ നഗരങ്ങളിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റഷ്യൻ വ്യോമതാവളങ്ങളിൽ ജൂൺ ആദ്യവാരം യുക്രൈൻ ആക്രമണം നടത്തിയിരുന്നു. 4 കേന്ദ്രങ്ങളിലാണ് ഒരേ സമയം ആക്രമണമുണ്ടായത്. 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ അവകാശവാദം ഉന്നയിച്ചു. ആക്രമണം പിന്നീട് റഷ്യ സ്ഥിരീകരിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധം പരിഹരിക്കാൻ അമേരിക്ക ശ്രമം തുടരുന്നുണ്ട്.

യുഎസുമായുള്ള ബന്ധം മെച്ചപ്പെടുന്നതായി സൂചിപ്പിച്ചു റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍റെ പ്രസ്താവന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകൾക്ക് വഴി തുറക്കുമെന്നാണ് വിലയിരുത്തൽ. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും ട്രംപിനോട് അതിയായ ആദരവുണ്ടെന്നും പുടിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടാഴ്ച മുന്‍പ് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത ആശങ്കയെ കുറിച്ചും റഷ്യ-യുക്രൈന്‍ യുദ്ധത്തെ കുറിച്ചും ഇരുരാഷ്ട്രനേതാക്കളും ഫോൺ സംഭാഷണം നടത്തിയിരുന്നു.

Related Posts