കാവേരി ആരതി എന്ന നിർദിഷ്ട പദ്ധതിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കർണാടക ഹൈകോടതി വെള്ളിയാഴ്‌ച സംസ്ഥാന സർക്കാറിന് നോട്ടീസയച്ചു. പാരിസ്ഥിതികവും സുരക്ഷാപരവുമായ അപകട ആശങ്കാജനകമാണ് ഈ പദ്ധതിയെന്ന ഹരജിക്കാരൻ സുനന്ദ ജയറാമിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആർ. രാജണ്ണയുടെ പ്രാഥമിക വാദങ്ങൾ പരിഗണിച്ചശേഷമാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
മറുപടി രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. കാവേരി ആരതി പരിപാടി ഗംഗാ ആരതിയുടെ മാതൃകയിൽ നടത്താനുള്ള ജലവിഭവ വകുപ്പിൻ്റെ പദ്ധതിയെ ഹരജി ചോദ്യം ചെയ്യുന്നു. ഇതിനായി സംസ്ഥാനം 92.30 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചതായി റിപ്പോർട്ടുണ്ടെന്ന് ഹരജിയിൽ പറഞ്ഞു. സന്ദർശകരുടെ ഒഴുക്ക് കെ.ആർ.എസ് അണക്കെട്ടിൻ്റെ സുരക്ഷയെ അപകടത്തിലാക്കുകയും നദി മലിനമാക്കുകയും ചുറ്റുമുള്ള ആവാസവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും.
ഈ സംരംഭം വിശാലമായ കാവേരിതടത്തിലെ കാർഷിക രീതികളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഡാം സുരക്ഷാ നിയമപ്രകാരമുള്ള 2021 ലെ വ്യവസ്ഥകൾ പദ്ധതി ലംഘിക്കുന്നുവെന്നും അത് റദ്ദാക്കണമെന്നും ഹർജിയിൽ വാദിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് താൽക്കാലിക സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദസറയോടെ പരിപാടി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.