കാവേരി ജലവിഹിത തർക്കം രൂക്ഷമാകുകയും കന്നഡ സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബെംഗളൂരു സന്ദർശനം താൽക്കാലികമായി മാറ്റിവയ്ക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അഭ്യർഥിച്ചു.
നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷമല്ല ഉള്ളതെന്നും നിയമ-സമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് സന്ദർശനം മാറ്റിവയ്ക്കാൻ നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാടിന് കൂടുതൽ കാവേരി ജലം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ വിവിധ കന്നഡ സംഘടനകൾ ഓഗസ്റ്റ് 13-ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കർണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സന്ദർശനത്തിനെതിരെ വിമാനത്താവളത്തിലും നഗരത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചില സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതോടെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ കർണാടക സർക്കാർ വിജയുമായുള്ള നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച താൽക്കാലികമായി മാറ്റിവയ്ക്കാൻ തീരുമാനിച്ചതായാണ് വിവരം. കാവേരി വിഷയത്തിൽ സംസ്ഥാനത്തിൻ്റെ നിലപാട് ചർച്ച ചെയ്യാൻ ഉടൻ സർവകക്ഷിയോഗം വിളിക്കുമെന്നും അതിനുശേഷം തുടർനടപടികൾ പ്രഖ്യാപിക്കുമെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.