ആണവകേന്ദ്രങ്ങൾക്ക് യുഎസ് വ്യോമാക്രമണത്തിൽ നാശനഷ്ടം സംഭവിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി(ഐഎഇഎ) യുമായുള്ള സഹകരണം നിർത്തിവെക്കാൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ ഉത്തരവിട്ടു. ഇറാൻ പാർലമെൻ്റ് സഹകരണം നിർത്തിവെക്കുന്നതിന് പാസാക്കിയ നിയമത്തെ തുടർന്നാണ് തീരുമാനം. ഇതിന് ഭരണഘടനാപരമായ നിരീക്ഷണ സമിതിയുടെ അംഗീകാരവും ലഭിച്ചിരുന്നു.
ദീർഘകാലമായി വിയന്ന ആസ്ഥാനമായുള്ള ഐഎഇഎ ഇറാൻ ആണവ പദ്ധതി നിരീക്ഷിച്ചു വരികയായിരുന്നു. നിയമം പാസായതിന് ശേഷം ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിനായിരുന്നു ബിൽ നടപ്പാക്കുന്നതിൻ്റെ മേൽനോട്ടം. പെസെഷ്കിയാൻ കൗൺസിലിൻ്റെ തലവനാണ്. ഇറാനിലെ മതഭരണത്തിന് കീഴിൽ, കൗൺസിലിന് ഉചിതമെന്ന് തോന്നുന്ന രീതിയിൽ ബിൽ നടപ്പാക്കാൻ സംവിധാനമുണ്ട്.
അമേരിക്കൻ മുൻ പ്രസിഡൻ്റ് ബരാക് ഒബാമയുടെ ഭരണകാലത്ത് 2015-ലെ ലോകശക്തികളുമായി ഇറാൻ ഒപ്പുവെച്ച ആണവകരാർ അനുസരിച്ച് യുറേനിയം 3.67% വരെ സമ്പുഷ്‌ടീകരിക്കാൻ ഇറാനെ അനുവദിച്ചിരുന്നു. ഒരു ആണവനിലയത്തിന് ഇത് ഇന്ധനം നൽകാൻ പര്യാപ്‌തമാണ്, എന്നാൽ, 90% സമ്പുഷ്ടീകരണമാണ് ആയുധ നിർമ്മാണത്തിന് ആവശ്യമായത്. ഇത് ഇറാനിലെ യുറേനിയം ശേഖരം ഗണ്യമായി കുറയ്ക്കുകയും സെൻട്രിഫ്യൂജുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തു.