പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ ആയിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണ മോദി വാഗ്ദാനം ചെയ്തു. പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹാരം കാണണമെന്ന ഇന്ത്യയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണ ജനങ്ങൾക്കും ചരക്കുകപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും മോദി ആവശ്യപ്പെട്ടു. സമുദ്രഗതാഗത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര വ്യാപാരം സുരക്ഷിതമായി തുടരേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും വിവിധ മേഖലകളിലെ വ്യാപാര–സാമ്പത്തിക സഹകരണം കൂടുതൽ വിപുലീകരിക്കുമെന്നും മോദി വ്യക്തമാക്കി.
ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇരുനേതാക്കളും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയെന്ന നിലയിലും കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമുണ്ട്.