മുഖ്യമന്ത്രിയെ നേരിട്ട് കാണാനെത്തുന്നവരുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സന്ദർശക സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വരുന്ന ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം നിലവിൽ വരും.
പുതിയ ക്രമീകരണമനുസരിച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ വൈകിട്ട് 5.30 വരെ മാത്രമായിരിക്കും മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അനുമതി നൽകുക. മറ്റ് സമയങ്ങളിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ അനുവദിക്കില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിൽ സന്ദർശകരുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതോടെ ഓഫീസിൻ്റെ ദൈനംദിന പ്രവർത്തനങ്ങളെയും പ്രധാന ഔദ്യോഗിക യോഗങ്ങളെയും ഇത് ബാധിക്കുന്ന സാഹചര്യമുണ്ടായതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഓഫീസിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഔദ്യോഗിക കാര്യങ്ങൾക്ക് ആവശ്യമായ സമയം ഉറപ്പാക്കുന്നതിനുമാണ് സന്ദർശക സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് സിഎംഒ വ്യക്തമാക്കി. പുതിയ സമയക്രമം പാലിച്ച് സന്ദർശകർ എത്തണമെന്ന് അധികൃതർ അറിയിച്ചു.