വീട്ടുകാർ പുറത്തുപോയ സമയം നോക്കി വീട് കുത്തിത്തുറന്ന് വൻ സ്വർണാഭരണ മോഷണം. പൂത്തിളപ്പ് സ്വദേശി എബ്രഹാമിൻ്റെ വീട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മോഷണം നടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
ഞായറാഴ്ച വൈകുന്നേരം വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. കുട്ടികളുടെ ആഭരണങ്ങൾ ഉൾപ്പെടെയാണ് മോഷണം പോയത്. എന്നാൽ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചിരുന്ന രണ്ട് മാലകൾ നഷ്ടപ്പെട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിൻ്റെ വാതിലും അലമാരയും പരിശോധിച്ച് മോഷ്ടാക്കൾ എങ്ങനെയാണ് അകത്തുകയറിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മോഷണം നടന്ന സമയത്ത് പ്രദേശത്ത് സംശയാസ്പദമായി എത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സമാന രീതിയിൽ നേരത്തെ മോഷണം നടത്തിയിട്ടുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.