മലയാളികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ കലാവേദിയുടെ ഓണാഘോഷം ‘ഓണോത്സവം-2026 മാറത്തഹള്ളി റിങ് റോഡിന് സമീപമുള്ള കലാഭവനിൽ ഓഗസ്റ്റ് 30 ഞായറാഴ്ച വിപുലമായി സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും സംഗീതവിരുന്നും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

അംഗങ്ങളുടെ വിവിധ പരിപാടികളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് വയലിനിസ്റ്റ് സോനുവിൻ്റെ നേതൃത്വത്തിലുള്ള എംടിബി എൻറ്ർടൈൻമെൻറ് അവതരിപ്പിച്ച ഫ്യൂഷൻ സംഗീതപരിപാടി അരങ്ങേറി. പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

വൈകിട്ട് 3.30ന് നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത മലയാള സിനിമാതാരം കലാഭവൻ ഷാജോൺ മുഖ്യാതിഥിയായി. കലാവേദിയുടെ രക്ഷാധികാരി പത്മശ്രീ ഡോ. സി.ജി. കൃഷ്ണദാസ് നായർ ചടങ്ങിൽ സന്നിഹിതനായി. കലാവേദി പ്രസിഡണ്ട് കെ.പി. പത്മകുമാർ സ്വാഗതം ആശംസിച്ചു. ഓണാഘോഷ കമ്മിറ്റി ചെയർമാനും വൈസ് പ്രസിഡണ്ടുമായ എ. മധുസൂദനൻ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ട്രഷറർ രഞ്ജിത് കുമാർ വി, ജോയിൻറ് സെക്രട്ടറി റെനി എം. വേലായുധൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൻ്റെ ഭാഗമായി പഠനമികവ് പുലർത്തിയ വിദ്യാർഥികൾക്ക് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. വിദ്യാർഥികളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനൊപ്പം പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായി പുരസ്കാരദാന ചടങ്ങും മാറി.

ഓണാഘോഷത്തിൻ്റെ പ്രധാന ആകർഷണം അമ്മ മ്യൂസിക്കിൻ്റെ നേതൃത്വത്തിൽ നടന്ന സൂപ്പർഹിറ്റ് ഗാനമേളയായിരുന്നു. പ്രശസ്ത മലയാളം പിന്നണി ഗായകൻ അൻവർ സാദത്ത്, സുമേഷ് അയിരൂർ, നന്ദ ജയദേവൻ എന്നിവരും സംഘവും അവതരിപ്പിച്ച ഗാനമേള ആഘോഷത്തിന് ആവേശം പകർന്നു.

മലയാളികളുടെ കൂട്ടായ്മയും ഓണത്തിൻ്റെ സാംസ്കാരിക പാരമ്പര്യവും ആഘോഷിച്ച കലാവേദിയുടെ ഓണോത്സവം ബെംഗളൂരുവിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി.

Related Posts