ഡൽഹിയിൽ 16 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ സ്ലീപ്പർ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിനിയായ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്.
ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാരറിയാതെ നോയിഡയിലുള്ള ബന്ധുവിനെ കാണാൻ പുറപ്പെട്ട പെൺകുട്ടി കനത്ത മഴയും ഇരുട്ടും കാരണം അബദ്ധത്തിൽ പാരി ചൗക്കിൽ ഇറങ്ങുകയായിരുന്നു. ഈ സമയത്താണ് ആളുകളില്ലാത്ത സ്ലീപ്പർ ബസ് പെൺകുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്.
നോയിഡയിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് ബസ് ഡ്രൈവർ കുൽദീപും കണ്ടക്ടർ സന്ദീപും പെൺകുട്ടിക്ക് ലിഫ്റ്റ് നൽകുകയായിരുന്നു. തുടർന്ന് ബസിനുള്ളിൽ വെച്ച് ഇരുവരും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പീഡനത്തിന് ശേഷം പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. പിന്നീട് പെൺകുട്ടി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
പീഡനം നടന്നതായി കരുതുന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസിൽ നിന്നും മറ്റ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.