ഡൽഹിയിലെ സഫറാബാദിലെ നഴ്‌സറിയിൽ മൂന്നുവയസുകാരനെ മണിക്കൂറുകളോളം കസേരയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി. കുട്ടിയെ ബെൽറ്റ് ഉപയോഗിച്ച് കസേരയിൽ ബന്ധിച്ചശേഷം മുഖത്തടിക്കുകയും ചെവിയിൽ പിടിച്ച് വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

ഓഗസ്റ്റ് 18ന് നഴ്‌സറിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി ശരീരവേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു. കുട്ടിയുടെ കണ്ണിനും ചെവിക്കും വീക്കമുണ്ടായിരുന്നതിന് പുറമെ ഛർദിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മർദനത്തിൻ്റെ സൂചനകൾ ലഭിച്ചത്. കുട്ടിയുടെ കർണപടത്തിന് തകരാർ സംഭവിച്ചതായും മർദനമാകാം ഇതിന് കാരണമെന്നും ഡോക്ടർ അറിയിച്ചതായി മാതാപിതാക്കൾ പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മാതാപിതാക്കൾ നഴ്‌സറി അധികൃതരെ സമീപിച്ചെങ്കിലും അധ്യാപികയും ജീവനക്കാരും കുട്ടിയെ മർദിച്ചെന്ന ആരോപണം നിഷേധിച്ചു. തുടർന്ന് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ ദൃശ്യങ്ങൾ നൽകുന്നതിനായി 1,500 രൂപ ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

ഒടുവിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ കസേരയിൽ കെട്ടിയിട്ട് മർദിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ കുടുംബത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ അമിത വികൃതിയാണ് ഇത്തരത്തിൽ പെരുമാറാൻ കാരണമെന്നാണ് നഴ്‌സറി അധികൃതരുടെ വിശദീകരണം. എന്നാൽ കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന ആരോപണത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. നഴ്‌സറിയിലെ ആയയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അധ്യാപികയ്ക്കും മറ്റ് ജീവനക്കാർക്കും സംഭവത്തിൽ പങ്കുണ്ടോയെന്നും കുട്ടിയെ നേരത്തെ സമാനമായ രീതിയിൽ മർദിച്ചിരുന്നോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts